ലൈംഗികാരോപണ വിഷയത്തില്‍ പരാതി പൊലിസിനെ അറിയിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയർന്നപ്പോളാണ് സിപിഎം സംസ്ഥാന സമിതി ഇന്ന് മറുപടി പറഞ്ഞത്. പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടിരുന്നു. പി.കെ. ശശിക്കെതിരെ ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയത്. പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
തിരുവനന്തപുരം: പീഡന പരാതിയില്‍ പാർട്ടി വിശദീകരണം ആരാഞ്ഞിട്ടില്ല എന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ വാദം പൊളിയുന്നു. ശശിക്കെതിരായ പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി ഇന്ന് വ്യക്തമാക്കി. 'എന്നാല്‍ നിങ്ങള്‍ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല' എന്നായിരുന്നു ശശിയുടെ മുന്‍ പ്രതികരണം. പാലക്കാട് കഴിഞ്ഞ നാലാം തിയതി ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് എംഎല്‍എയുടെ ഈ പ്രതികരണം.
പി.കെ. ശശി എംഎല്‍എ അന്ന് പറഞ്ഞ കൂടുതല്‍ കാര്യങ്ങളിങ്ങനെ. 'ഞാനൊരു നല്ല ജനപ്രതിനിധിയായി മുന്നോട്ട് പോകുകയാണ്. എന്‍റെ നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നെ വളരെ വ്യക്തമായി അറിയാം. സുദീര്‍ഘമായ രാഷ്ട്രീയജീവിത കാലഘട്ടത്തില്‍ ശശിയാരാണ്, ശശിയുടെ പ്രവര്‍ത്തനം എന്താണ് എന്നൊക്കെ എല്ലാവര്‍ക്കുമറിയാം. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ആ ആളുകള്‍ അതിനീചമായ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവാം. ഞാനെന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്. എനിക്കെതിരെ എന്തോ അന്വേഷണം വരുന്നുവെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എനിക്കറിയില്ല പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അങ്ങനെയൊരു അന്വേഷണം വന്നാല്‍ തന്നെ ഒരു ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പോലെ ആ അന്വേഷണം നേരിടും'.
എന്നാല്‍ ലൈംഗികാരോപണ വിഷയത്തില്‍ പരാതി പൊലിസിനെ അറിയിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയർന്നപ്പോളാണ് സിപിഎം സംസ്ഥാന സമിതി ഇന്ന് മറുപടി പറഞ്ഞത്. പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടിരുന്നു. പി.കെ. ശശിക്കെതിരെ ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയത്. പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ശശിയെ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത് എന്നുമാണ് സംസ്ഥാന സമിതിയുടെ വിശദീകരണം. ഇതോടെ എംഎല്‍എ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ തെളിവായി കൈയ്യിലുണ്ടെന്നും ജനറൽ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നൽകിയ പരാതിയിലുണ്ട്.
