ചൈത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം കോടതിയെ സമീപിച്ചാൽ കേസിൽ സംസ്ഥാന സര്‍ക്കാർ കക്ഷിയാകും.  

തിരുവനന്തപുരം : സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തിൽ ചൈത്ര തെരേസ ജോണിനെതിരെ സ്വീകരിക്കേണ്ട നടപടി സിപിഎം സംസ്ഥാന സമിതിയോഗത്തിൽ ചര്‍ച്ച ചെയ്തേക്കും. ചൈത്രക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. സിപിഎം ഓഫീസിൽ ചൈത്ര നടത്തിയ റെയ്ഡ് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്നും നേതാക്കളെ അപമാനിക്കുന്ന വിധത്തിലാണെന്നുമാണ് നേതൃത്വം പറയുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതികളെ തേടായാണ് പൊലീസ് ഉദ്യോഗസ്ഥ റെയ്ഡ് നടത്തിയതെങ്കിലും ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുൻനിര്‍ത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം

കടുത്ത നടപടി ചൈത്രക്കെതിരെ വേണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോ‍ർട്ടാണ് സമ‍‍ർപ്പിച്ചത്. അതുകൊണ്ടു തന്നെ നടപടി നിര്‍ദ്ദേശിക്കാൻ സര്‍ക്കാരിന് പരിമിതിയും ഉണ്ട്. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം കോടതിയെ സമീപിച്ചാൽ കേസിൽ സംസ്ഥാന സര്‍ക്കാർ കക്ഷിയാകും.

ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സമിതിയോഗത്തിൽ ചൈത്രക്കെതിരായ നടപടി ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നത്. റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ചൈത്രയെ വിളിച്ച് വരുത്തിയത് അടക്കമുള്ള നടപടികൾ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.