ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല.  റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയ്ക്ക് എടുത്തില്ല. 

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. ഞായറാഴ്ച സംസ്ഥാന സമിതി ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി നടക്കുന്ന സെക്രട്ടേറിയേറ്റിലായിരിക്കും വിഷയം പരിഗണിക്കുക. പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷന്‍റെ അനുമാനം. പി കെ ശശിക്ക് എതിരെ കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. 

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവുകൂടിയായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ്. പരാതിക്ക് ഒപ്പം ശശിയുടെ ഫോൺ സംഭാഷണങ്ങളുടെ പകർപ്പും, ശശിക്ക് വേണ്ടി പരാതി പിൻവലിപ്പിക്കാൻ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷൻ ശുപാർശ ചെയ്തതായാണ് വിവരം. പരാതി ഒതുക്കാൻ ശ്രമം നടന്നെനന്നും ഇതിന് ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിയിലെ രണ്ട് നേതാക്കൾക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.