കൊല്‍ക്കത്ത: ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമൊക്കെയായി ആഡംബരജീവിതം നയിച്ച യുവ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബംഗാള്‍ സംസ്ഥാന കമ്മിറ്റിയാണ് ഋതബ്രത ബാനര്‍ജിയെ മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഋതബ്രത ബാനര്‍ജിയുടെ ആഡംബരജീവിതത്തെക്കുറിച്ച് ബംഗാളിലെ തന്നെ ചില നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി എടുത്തത്. പിബി അംഗം സൂര്യകാന്ത് മിശ്രയാണ് ഋതബ്രത ബാനര്‍ജിയ്ക്കെതിരായ നടപടി റിപ്പാര്‍ട്ട് ചെയ്തത്. ഋതബ്രതയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയിലേറെ വിലയുള്ള ആപ്പിള്‍ വാച്ചാണ് ഋതബ്രത ബാനര്‍ജി ധരിച്ചിരുന്നത്. ഒപ്പം മുപ്പതിനായിരം രൂപയോളം വിലവരുന്ന പേനയും ഇദ്ദേഹം ഉപയോഗിച്ചിരുന്നു. എസ്എഫ്ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറി കൂടിയാണ് ഋതബ്രത ബാനര്‍ജി.