മലപ്പുറം: വേങ്ങരയിലേക്കുള്ള ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ഇന്നു ചേരുന്ന സി പി എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം നാളെ ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും ചേര്‍ന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് നിലവിലുള്ള തീരുമാനം.

വേങ്ങരയില്‍ സ്വതന്ത്രനെത്തന്നെ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റ പ്രഥമപരിഗണന. എന്നാല്‍ പൊതുസ്വതന്ത്രനെത്തേടിയുള്ള അന്വേഷണം ഇതുവരെ പലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ ഗോദയിലിറക്കാനുള്ള നീക്കം സി പി എം നടത്തുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പോലെ യുവജനനേതാവിനെതന്നെയാണ് പരിഗണിക്കുന്നത്. പുതുമുഖത്തെ മല്‍സരിപ്പിക്കണമെന്നതിനാണ് മുന്‍തൂക്കം. എസ് എഫ്‌ ഐ അഖിലേന്ത്യ പ്രസിഡണ്ട് വി പി സാനുവിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കഴിഞ്ഞ തവണ മല്‍സരിച്ച പി പി ബഷീറിനെ വീണ്ടും രംഗത്തിറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. തിരുരങ്ങാടിയില്‍ മല്‍സരിച്ചു തോറ്റ നിയാസ് പുളിക്കലകത്ത്, പാര്‍ട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി സക്കറിയ, തിരുരങ്ങാടി ഏരിയകമ്മിറ്റി അംഗം പി പി മുസ്തഫ എന്നിവരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.