കോണ്‍ഗ്രസുമായി ധാരണയോ നീക്കുപോക്കോ അല്ല മറിച്ച് കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ പങ്കാളിയാകാനാണ് മഹാരാഷ്ട്രയിൽ സിപിഎം ശ്രമം. നാസിക്ക്, താനെ, പാൽഖർ, അഹമ്മദ്നഗർ, ശോലാപ്പൂർ ജില്ലകളിലെ സ്വാധീനവും കിസാന്‍ സഭയിലുടെ നേടിയ കര്‍ഷകപിന്തുണയുമാണ് സിപിഎം വിലപേശലിന് ബലമാക്കുന്നത്.
മുംബൈ: മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് -എൻസിപി സഖ്യത്തിൽ ഭാഗമാകാൻ സിപിഎം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിയെടുക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നോക്കി മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിനെ അകറ്റി നിർത്താനാകില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം അശോക് ധാവ്ലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിപിഎമ്മും ഇടത് കക്ഷികളും മത്സരിക്കാത്ത സീറ്റുകളിൽ ഉറപ്പായും കോണ്‍ഗ്രസിനെ പിന്തുണക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. അവിടെ സിപിഎമ്മിന്‍റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്.ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിലാകും മഹാരാഷ്ട്രയിൽ നമ്മൾ ശ്രദ്ധ നൽകുക - ധാവ്ല വിശദീകരിക്കുന്നു.
കോണ്‍ഗ്രസുമായി ധാരണയോ നീക്കുപോക്കോ അല്ല മറിച്ച് കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ പങ്കാളിയാകാനാണ് മഹാരാഷ്ട്രയിൽ സിപിഎം ശ്രമം. കർഷക മുന്നേറ്റങ്ങളിലൂടെ നേടിയ ദേശീയ ശ്രദ്ധയും നാസിക്ക്, താനെ, പാൽഖർ, അഹമ്മദ്നഗർ, ശോലാപ്പൂർ ജില്ലകളിലെ ശക്തമായ സ്വാധീനവുമാണ് വിലപേശൽ ഘടകങ്ങൾ. സഖ്യമായാൽ മത്സരിക്കാത്ത സീറ്റുകളിൽ കോണ്‍ഗ്രസിന് തുറന്ന പിന്തുണ നല്‍കാമെന്ന് സിപിഎം പരസ്യമായി തന്നെ പറയുന്നു.
ദേശീയ തലത്തിലെ അടവുനീക്കങ്ങൾ കേരളത്തിൽ ബിജെപിയുടെ അടക്കം രാഷ്ട്രീയ ആയുധമാകും എന്നത് സിപിഎം മഹാരാഷ്ട്ര ഘടകത്തെ അലോസരപ്പെടുത്തുന്നില്ല. സഖ്യ ചർച്ചകളിൽ സിപിഎമ്മിനെ ഒപ്പം കൂട്ടാൻ മുൻകൈയ്യെടുക്കുന്നത് എൻസിപിയാണ്. മാർച്ച് ആദ്യവാരം സഖ്യം സംബന്ധിച്ച് തീരുമാനമാകും.
