കോഴിക്കോട്: ഗെയില്‍ സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചതോടെ പ്രതിരോധവുമായി സിപിഎം. ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് വിശദീകരണ പൊതുയോഗവും കാല്‍നട പ്രചാരണ ജാഥയുമെല്ലാം സംഘടിപ്പിക്കുകയാണ് പാര്‍ട്ടി.

സംസ്ഥാന വ്യാപകമായി സമരത്തെ ഏകോപിപ്പിക്കാനാണ് ഗെയില്‍ സമര സമിതിയുടെ പുതിയ തീരുമാനം. സമര രീതി സംബന്ധിച്ച് വരും ദിവസങ്ങളിലാണ് തീരുമാനമെടുക്കുകയെങ്കിലും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍ സമരത്തെ പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് ശക്തമായി തന്നെ രംഗത്തെത്തുകയാണ് പാര്‍ട്ടി. ഇന്ന് വൈകീട്ട് അഞ്ചിന് മുക്കത്ത് രാഷ്ട്രീയ വിശദീകരണ യോഗം ചേരും. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പങ്കെടുക്കും.

വരും ദിവസങ്ങളില്‍ കാല്‍‍നട പ്രചരണ ജാഥ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും നാളെ മുതല്‍ നാല് ദിവസങ്ങളിലായിട്ടായിരിക്കും കാല്‍നട പ്രചാരണ ജാഥ. പ്രതിഷേധങ്ങള്‍ക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്‍റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ചെറുയോഗങ്ങളും ഇതോടനുബന്ധിച്ച് നടക്കും.

ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്‍റേയും മുസ്ലീം ലീഗിന്‍റേയും മുതലെടുപ്പിന് തടയിടുക എന്നത് കൂടിയുണ്ട് സിപിഎമ്മിന്‍റെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍.