തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മും. 28, 29 തീയതികളില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ വിജലന്‍സ് എടുക്കുന്ന തുടര്‍ നടപടികളും തോമസ് ചാണ്ടിക്ക് നിര്‍ണ്ണായകമാകും.

തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ തെളിവ് സഹിതം നിരന്തരം വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ ഭരണമുന്നണിയും സിപിഎമ്മും നിര്‍ബന്ധിതരാകുന്നത്. പ്രഥമദൃഷ്ട്യാ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം നേതാക്കളും. തെളിവ് പ്രതികൂലമായാല്‍ രാജിയല്ലാതെ പോംവഴിയില്ലെന്ന പൊതു വികാരവും സിപിഎമ്മിനുണ്ട്. തോമസ് ചാണ്ടിയെ കൂടി കേട്ട ശേഷം ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാകും നിര്‍ണ്ണായകം. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ വിജലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ത്വരിത പരിശോധനയടക്കമുള്ള കാര്യങ്ങളിലും തീരുമാനം വൈകാനിടയില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി റവന്യു മന്ത്രിക്ക് പരാതി നല്‍കി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യവുമുണ്ട്. 28, 29 തീയതികളില്‍ ചേരുന്ന സിപിഎം സംസ്ഥാന സമിതി തോമസ് ചാണ്ടി വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ചട്ടലംഘനം നടപടികളിലേക്ക് നീങ്ങുന്നെങ്കില്‍ തന്നെ അത് വേങ്ങരയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മതിയെന്ന അഭിപ്രായമുള്ളവരും കുറവല്ല.