ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചകള്‍ നടത്താമെന്നും എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണമെന്ന നിര്‍ദേശമാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായിരിക്കുന്നത്.
ദില്ലി: വരാനിരിക്കുന്ന ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദേശീയതലത്തില്‍ വിശാലസഖ്യം വേണ്ടെന്ന് സിപിഎം. ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനതല സഖ്യങ്ങള്‍ മാത്രം മതിയെന്നാണ് പാര്‍ട്ടിയുടെ പുതിയ നയം.
കോണ്‍ഗ്രസുമായി ധാരണ പോലും വേണ്ടതില്ലെന്ന പരാമര്‍ശം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിജെപിക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് പശ്ചിമബംഗാള്‍ ഘടകം വാദിച്ചിരുന്നു. എന്നാല്‍ ഇത്തരം സാധ്യതകളെ തള്ളിക്കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.
ദേശീയതലത്തില്‍ ഒരു വിശാലസഖ്യം ആവശ്യമില്ല. തമിഴ്നാട്ടില്‍ ചിലപ്പോള്‍ കോണ്‍ഗ്രസുമായി പരോക്ഷമായി സഹകരിക്കേണ്ടി വരും. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിക്കൊപ്പം ചേരാന്‍ പാര്‍ട്ടിസംസ്ഥാനഘടകത്തിന് കേന്ദ്രകമ്മിറ്റി അനുമതി നല്‍കി. പശ്ചിമബംഗാളിലെ സഖ്യത്തിന്‍റെ കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല. ബംഗാളിന്‍റെ കാര്യം അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ വീണ്ടും ചര്‍ച്ചയാവും. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ബംഗാള്‍ ഘടകം ശക്തിയായി വാദിക്കുന്ന സാഹചര്യത്തില്‍ ഇവിടെയൊരു തീരുമാനത്തിലെത്തുക പാര്‍ട്ടിക്ക് വെല്ലുവിളിയാവും.
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്നത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം ഒരു കത്ത് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു. രാജ്യത്ത് ശക്തമായി വരുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ അവസരമായി കണ്ട് ഒരു കര്‍ഷകമുന്നണി പാര്‍ട്ടി കെട്ടിപ്പടുക്കണമെന്നും അടിസ്ഥാനതത്ത്വങ്ങളിലേക്ക് പാര്‍ട്ടിക്ക് മടങ്ങി പോരണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് ദിവസം നീണ്ടു നിന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ശബരിമല വിഷയവും ചര്‍ച്ചയായി. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചകള്‍ നടത്താമെന്നും എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണമെന്ന നിര്‍ദേശമാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായിരിക്കുന്നത്.
