പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് കടുപ്പിച്ച് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്. ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐയുടെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. എം വി ​ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ വരും ദിവസങ്ങളിൽ സിപിഐയുമായി ചർച്ച നടത്താനാണ് യോ​ഗത്തിൽ തീരുമാനമായത്. ഈ മാസം 29ന് ശേഷം എൻഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ സി പി ഐ

പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ചത് ആയുധ മാക്കിയുള്ള പോരിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. സി പി എം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും

YouTube video player