കൊല്ലം: ഐഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് നിലപാട് മയപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി പ്രചാരകനായി തിരിച്ചെത്തുമെന്ന് സി.ആര്‍ മഹേഷ് പറഞ്ഞു.
രാജി പിന്‍വലിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ട്. രാജിവയ്ക്കാനിടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധിക്ക് ഇ- മെയില്‍ അയച്ചിട്ടുണ്ടെന്നും മഹേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് വിടുന്നുവെന്നും പാര്‍ട്ടിയില്‍ ചീഞ്ഞ് നാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് രാജി വച്ചപ്പോള്‍ മഹേഷ് പറഞ്ഞിരുന്നത്.
പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന നേതൃത്വം നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വേരുകള്‍ അറ്റുപോകുന്നത് കാണാന്‍ രാഹുല്‍ ഗാന്ധി കണ്ണുതുറക്കണമെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.
