കോഴിക്കോട്: കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കരിമരുന്ന് പ്രയോഗം നടത്തിയ സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പടക്കംപൊട്ടി ഒരാൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന തമിഴ്നാട് സ്വദേശി ജോയ്ക്കാണ് പരിക്കേറ്റത്.
കാലിനും കൈക്കും മുഖത്തും പരിക്കുണ്ട്. കാലിലെ പരിക്ക് ഗുരുതരമാണ്. ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടന്നിരുന്നു. അവശേഷിച്ച പടക്കമാണ് കടലാസുകള്‍ തെരയുന്നതിനിടെ പൊട്ടിയത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ജോയിയെ ആശുപത്രിയിലെത്തിച്ചത്.
