കൊച്ചി: അത്യാസന്നനിലയിലായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി. അപകടകരമായി കാര്‍ ഓടിക്കുകയും ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുകയും ചെയ്തതിനാണ് നിര്‍മ്മല്‍ ജോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തതെന്ന് ആലുവ ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

നേരത്തെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആംബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു കാര്‍ ഡ്രൈവര്‍ നിര്‍മല്‍ ജോസ് പൊലീസിനു മൊഴി നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെ കാര്‍ ഡ്രൈവര്‍ കടത്തിവിട്ടിരുന്നില്ല. ബുധനാഴ്ച ആയിരുന്നു സംഭവം.

ആംബുലന്‍സിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശേരിയില്‍ എത്താറുള്ള ആംബുലന്‍സ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്. കെഎല്‍ 17 എല്‍ 202 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. 

മനുഷ്യജീവന്‍ അപകടപ്പെടുത്തുംവിധം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് നിര്‍മ്മലിനെതിരെ കേസ് എടുത്തത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.