കോഴിക്കോട്: കോഴിക്കോട് മെഡ‍ിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വൈകിയേക്കും. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും, തിരക്കിട്ട് സംസ്കരിക്കേണ്ടെന്ന നിര്‍ദ്ദേശം പോലീസിന് കിട്ടി.

മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കില്ലെന്ന പൂര്‍ണ്ണ ഉറപ്പ് ലഭിച്ച ശേഷം മാത്രമേ പോലീസ് സംസ്കരിക്കൂ. അജിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല.

കുപ്പു ദേവരാജന്റെ മൃതദേഹം രണ്ട് ദിവസം കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന്  ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു