പ്രണവ് പരിശീലനം നടത്തിയിരുന്ന ഗ്രൗണ്ടിലാണ് അധികൃതര്‍ ഹെലിപാഡ് നിര്‍മ്മിച്ചത്. മുംബൈയിലെ കല്യാണില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് വിമാനമിറങ്ങാന്‍ മൈതാനത്ത് നിന്ന് മാറിക്കൊടുത്തില്ലെന്നാരോപിച്ചാണ് പൊലീസ് പ്രണവ് ധന്‍വാദയെ കസ്റ്റഡിയിലെടുത്തത്. കല്യാണിലെ സുഭാഷ് ഗ്രൗണ്ടില്‍ പ്രകാശ് ജാവദേക്കറിന്‍റെ വിമാനമിറങ്ങാന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് ഹെലിപാഡ് നിര്‍മ്മിച്ചിരുന്നു.
പ്രണവും കൂട്ടുകാരും ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ഹെലിപാഡിനു സമീപം കാവല്‍ നിന്ന പൊലീസുകാരന്‍ ഗ്രൗണ്ടില്‍ നിന്ന് മാറണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഉപകരണങ്ങള്‍ ബാഗിലാക്കുന്ന സമയത്ത് വീണ്ടും സ്ഥലത്തെത്തിയ പൊലീസുകാരന്‍ പെട്ടെന്ന് ഗ്രൗണ്ട് വിട്ടു പോകാന്‍ ഇവരോട് പറഞ്ഞു. വ്യായാമം ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ പോകാമെന്ന് പ്രണവ് അറിയിച്ചെങ്കിലും കുപിതനായ പൊലീസുകാരന്‍ പ്രണവിനെ ഷര്‍ട്ടിന്‍റെ കോളറിനു പിടിച്ച് വലിച്ച് പുറത്തെത്തിച്ചെന്നും പിന്നീട് പൊലീസ് വാനില്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയതായും പ്രണവിന്‍റെ അച്ഛന്‍ പ്രശാന്ത് ധന്‍വാദേ പറയുന്നു.
മകനെ ഒരു മണിക്കൂറോളം ലോക്കപ്പിലടച്ചതായും പ്രശാന്ത് ആരോപിക്കുന്നു. എന്നാല്‍ ജോലി തടസ്സപ്പെടുത്തിയതിനാണ് പ്രണവിനെ കസ്റ്റഡിയിലെടുത്തതെന്നും താക്കീത് നല്‍കി വിട്ടയച്ചതായും ബജാര്‍പേട്ട് സ്റ്റേഷന്‍ ഓഫിസര്‍ വ്യക്തമാക്കി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രകാശ് ജാവദേക്കര്‍ ഹെലികോപ്റ്റര്‍ ഒഴിവാക്കി കാര്‍ മാര്‍ഗ്ഗം യാത്ര തുടര്‍ന്നു.
