കൊച്ചി: ഉദയംപേരൂരിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ സൗഹൃദം തകർന്നതിലുളള വൈരാഗ്യമെന്ന് മൊഴി.കേസിൽ അറസ്റ്റിലായ പ്രതി അമലുമായി പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
കഴിഞ്ഞ ദിവസമാണ് ഉദയംപേരൂർ സ്വദേശി അമൽ അയൽവാസിയായ കോളേജ് വിദ്യാർത്ഥിനിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കേസിൽ ഉദയംപേരൂർ പോലീസിൽ കീഴടങ്ങിയ അമലിനെ തൃപ്പുണിത്തുറ സി ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. കഴിഞ്ഞിടെ സൗഹൃദ ബന്ധം തകർന്നു. വഴക്കായി.ഇനി ശല്യപ്പെടുത്തരുതെന്ന് പെൺകുട്ടി പറഞ്ഞത് വൈരാഗ്യമുണ്ടാക്കി.ആ ദേഷ്യത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.
അമലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.തൃപ്പുണിത്തുറ കോടതിയിൽ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റില്ലാത്തതിനാൽ അമലിനെ മരട് കോടതിയിലേക്ക് കൊണ്ടുപോയി.വധശ്രമം ഉൾപ്പെടെയുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
