സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. പത്ത് മാസത്തിനിടെ സ്ത്രീധന പീഡനത്തില്‍ മരിച്ചത് 15 യുവതികള്‍. ലൈംഗികാക്രമണകേസുകളും ഗാര്‍ഹിക പീഡനങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പത്ത് മാസത്തിനിടെ 15 യുവതികള്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്‍. ലൈംഗികാക്രമണകേസുകളും ഗാര്‍ഹിക പീഡനങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നിടത്താണ് അതിനെ ചോദ്യം ചെയ്യും വിധം കണക്കുകള്‍ പുറത്ത് വരുന്നത്. സ്ത്രീധനത്തെ ചൊല്ലിയുള്ള കലഹം 15 യുവതികളുടെ ജീവനെടുത്തെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. കൊല്ലം ജില്ലയില്‍ നാല്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ രണ്ട് വീതം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതവും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളില്‍ മരിച്ചെന്നാണ് ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
1465 ഗാര്‍ഹിക പീഡനകേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 1645 ബലാത്സംഗകേസുകളും, പലവിധ ഉപദ്രവങ്ങളിലായി ഏഴായിരത്തിലധികം മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ ആകെ കേസുകളുടെ എണ്ണത്തിന് ഏതാണ്ട് സമീപമുണ്ട് കഴിഞ്ഞ പത്ത് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
സ്ത്രീകളുടെ ക്ഷേമത്തിനായി പുതിയ വകുപ്പ് നിലവില്‍ വന്നതിന് ശേഷവും കേസുകളുടെ എണ്ണത്തില്‍ കുറവില്ല. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത ഹെല്‍പ്പ് ഡെസ്‌കുകള്‍, എട്ടു നഗരങ്ങളില്‍ പിങ്ക് പട്രോള്‍. നിര്‍ഭയ, കൈത്താങ്ങ്, സ്‌നേഹഗീത, കര്‍മസേന തുടങ്ങിയ പദ്ധതികളും സ്ത്രീസുരക്ഷക്കായി പ്രഖ്യാപിച്ചിരുന്നു. സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നതിന്‍റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഫണ്ട് വേണ്ടതിന് വിനിയോഗിക്കാത്തതിന്‍റെ പ്രതിഫലനമാണോ ഈ കണക്കുകളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
