Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധന

Crime against women rises in kerala
Author
Thiruvananthapuram, First Published Mar 8, 2017, 6:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കേരളം. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും പകുതിയോളം കേസുകളിൽ മാത്രമാണ് കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെ താഴ്വരയായി മാറുന്നുന്നെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2015ൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിൽ 12,383 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2016ൽ കേസുകളുടെ എണ്ണം 14,061 ആയി വർധിച്ചു. ഒരു വർഷത്തിനിടെ കൂടിയത് 1,678 കേസുകൾ.

തിരുവനന്തപുരമാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളത്തിന്റെ തലസ്ഥാനം. 2016ൽ രജിസ്റ്റർ ചെയ്തത് 1644 കേസുകൾ. എറണാകുളമാണ് തൊട്ടുപിന്നിൽ. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങളിലും തിരുവനന്തപുരമാണ് മുന്നിൽ. 2016ൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തത് 256 കേസുകൾ. 241 കേസുകളുമായി മലപ്പുറമാണ് രണ്ടാമത്.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കേരളം. പശ്ചിമ ബംഗാളാണ് ഒന്നാമത്. 2015നെ അപേക്ഷിച്ച് 2016ൽ പീഡന കേസുകളും സ്ത്രീധന മരണങ്ങളും കുത്തനെ കൂടിയെന്നും കണക്കുകൾ പറയുന്നു. പൊലീസ്  പരിശോധന കർ‍ശനമല്ലാത്തതും കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസവുമാണ് സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ കൂടുന്നതിന് കാരണമായി വിലയിരുത്തുന്നത്.

 

Follow Us:
Download App:
  • android
  • ios