കൊച്ചി: എറണാകുളം പെരുന്പാവൂരിൽ പാന്പിൻ നെയ്യും കരടി നെയ്യും വിൽപ്പന നടത്താനെത്തിയ സംഘത്തെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യിൽ നിന്ന് കരടിയുടെ പല്ല്, നഖം, ആനക്കൊമ്പ് എന്നിവയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പിന്‍റെ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പാന്പിൻ നെയ്യും കരടി നെയ്യും വിൽപ്പന നടത്തുന്ന മൂന്നംഗ സംഘത്തെ കോടനാട്ടെ ഒരു വീട്ടിൽ നിന്നും പിടികൂടിയത്. എറണാകുളം കോടനാട് സ്വദേശികളായ ദേവസി, സിനോജ്, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ദേവസിയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം.
പരിശോധനയിൽ ആനക്കൊന്പ് കൊണ്ട് നിർമിച്ച വസ്തുക്കൾ, കരടി നെയ്, കരടിപ്പല്ല്, നഖം, മലമ്പാന്പിന്‍റെയും ഉറുന്പുതീനിയുടെ ശലകങ്ങൾ എന്നിവ കണ്ടെടുത്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
അപൂർവ്വ വസ്തുക്കളായതിനാൽ ആവശ്യക്കാരെ ബന്ധപ്പെട്ട് മോഹവില നിശ്ചയിച്ചാണ് സംഘം വിൽപ്പന നടത്തിയിരുന്നത്. മൃഗങ്ങളെ സംസ്ഥാനത്തെ കാടുകളിൽ നിന്ന് പിടിച്ചാണോ നെയ്യും പല്ലും ശേഖരിച്ചിരുന്നത് എന്ന് ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ എന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അപൂർവ്വ വസ്തുക്കളായതിനാൽ ഇവരുടെ കൃത്യം വില നിശ്ചയിക്കാനും വനംവകുപ്പിനായിട്ടില്ല.
