കൊച്ചി: എറണാകുളം കോതമംഗലത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ചെമ്പകം സജീറിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കോതമംഗലം ചെമ്മനാൽ സ്വദേശിയായ അനൂപിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അബുദാബിയിലുള്ള എണ്ണക്കമ്പനിയിൽ ജോലി വാഗ്ദാനം നൽകി അനൂപിൽ നിന്ന് 2.25 ലക്ഷം രൂപ സജീർ കൈപ്പറ്റിയിരുന്നു. 2 വർഷം കഴിഞ്ഞിട്ടും വിസയുമില്ല, പണവുമില്ല. തുടർന്നാണ് അനൂപ് കോതമംഗലം പൊലീസിൽ പരാതി നൽകിയത്.

കോതമംഗലം സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഹാജരായില്ല.തുടർന്നാണ് സജീർ വർക്കലയിലെ വീട്ടിലുണ്ടെന്ന പൊലീസിന് വിവരം ലഭിക്കുന്നത്. ഇവിടെയെത്തിയ പൊലീസിനെ ബന്ധുവായ റിട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.

 കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെരുമ്പാവൂർ, മലപ്പുറം തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി ഏഴ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസ് നിലനിൽക്കുന്നുണ്ട്.