കാട്ട് പോത്ത് ഇറച്ചി കച്ചവടം രണ്ട് അംഗ സംഘം പിടിയില്‍
കൊല്ലം: ജില്ലയില് വ്യാപകമായി കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയില്. അഞ്ചല് ഫോറസ്റ്റ് റയിഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്. ഒരാള് ഒളിവിലാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി റോസ്മല കേന്ദ്രികരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാനികളായ അനില് കുമാർ, ബിനു എന്നിവരാണ് പിടിയിലായത്. കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിവില്പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. കിലോയ്ക്ക് നാനൂറ് രൂപനിരക്കിലാണ് വില്പന നടത്തിയിരുന്നത്.
ഏതാനും ദിവസംമുൻപ് കാട്ട്പോത്ത് ഇറച്ചി വില്പന നടത്തുന്നതിനിടയില് അനില്കുമാറും ബിനുവും പൊലീസിന്റെ കയ്യില് നിന്നും കഷ്ടിച്ച് രക്ഷപെട്ടു. തുടർന്ന് ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനെ തുടർന്ന് അനില്കുമാറും ബിനുവും അഞ്ചല് ഫോറസ്റ്റ് റെയിഞ്ച് ഓഫിസില് കീഴടങ്ങുകയായിരുന്നു.
സുഹൃത്തുകള്ക്കും ബന്ധുക്കള്ക്കുമായിരുന്നു രണ്ട് പേരും ചേർന്ന് കാട്ടിറച്ചി വിറ്റിരുന്നത്. മൃഗങ്ങളെ വെടിവച്ച് കൊല്ലുന്നതില് വിദഗ്ദനായ സാബു ഒളിവിലാണ്. സാബുവിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം തിരച്ചില് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്യതു.
