മദ്യപിച്ച് വാഹനമോടിച്ചവരെ ആദ്യം കൊണ്ടുപോകേണ്ടത് ആശുപത്രിയിലേക്ക് പൊലീസുകാർക്ക് കൗൺസിലിംഗ് സെന്ററുകൾ തുടങ്ങണമെന്നും മുഹമ്മദ് യാസിൻ

കോട്ടയം: വാഹനപരിശോധനകളിലെ വീഴ്ചകൾ പൊലീസിന് അവമതിപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് ഡിജിപി മുഹമ്മദ് യാസിൻ. പൊലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് സെന്ററുകൾ തുടങ്ങണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിലായിരുന്നു ഡിജിപിയുടെ തുറന്ന് പറച്ചിൽ മദ്യപിച്ച് വാഹനമോടിച്ചവരെ പിടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്കല്ല ആദ്യം ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പൊലീസിനുണ്ടാകുന്ന വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പൊലീസിംഗാണ് കേരളത്തിലേതെന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ നിർ‍ദ്ദേശങ്ങൾ. 2500ഓളം കേസുകൾ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ചിന് ഒരു നിയമോപദേശകൻ പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.