തിരുവനന്തപുരം: സോളാര്‍ കേസിലെ ബ്ലാക് മെയില്‍ പരാതിയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് മുമ്പാകെ മൊഴി നല്‍കി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അങ്ങിനെയെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സോളാറില്‍ ഒരാളുടെ ബ്ലാക്ക് മെയിലിന് വിധേയനായെന്ന് ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തിലാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പരാതി. ആരുടെയും പേര് വെളിപ്പെടുത്താതെയുള്ള മൊഴിയാണ് ഉമ്മന്‍ചാണ്ടി ക്രൈംബ്രാഞ്ചിന് നല്‍കിയത്. സോളാര്‍ കേസിലെ പ്രതി ബിജുരാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്ത് പറയാത്തതുമൂലം പലരും ആരോപണം ഉന്നയിച്ചതാണ് ബ്ലാക്ക് മെയില്‍ കൊണ്ട് ഉദ്ദേശിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി.