തിരുവനന്തപുരം : വ്യാജവിലാസത്തില്‍ ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്. ഇരുവരുടേയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വിശദമാക്കി.
വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലാപോളിന്‍റെ മറുപടി തൃപ്തിക്കരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും എറണാകുളം ആര്‍ ടി ഒ വ്യക്തമാക്കിയിരുന്നു.
ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സാണ് വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാ പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം നികുതിയാണ് ക്രമക്കേടാണ് കണ്ടെത്തിയത്.
നേരത്തെ നികുതി ഇളവിനായി തന്റെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത സംഭവത്തില്‍ ഫഹദ് മറുപടി നല്‍കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസിനാണ് ഫഹദ് മറുപടി നല്‍കിയത്. വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ കേരളത്തിലേക്ക് മാറ്റും. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍ഒസി ലഭിച്ചാലുടന്‍ രജിസ്‍ട്രേഷന്‍ മാറ്റുമെന്നും ഫഹദ് വിശദമാക്കിയിരുന്നു
