Asianet News MalayalamAsianet News Malayalam

കാസര്‍കോട് ഇരട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു; സിബിഐ അന്വേഷണത്തില്‍ ഉറച്ച് കുടുംബം

അതേസമയം കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ ആവശ്യം

crime branch take case of  kasargod murder
Author
Kasaragod, First Published Feb 25, 2019, 5:31 PM IST

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ നല്‍കും.  

അതേസമയം കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബാംഗങ്ങൾ പരാതി നൽകും. അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും കുടുംബം തേടിയിട്ടുണ്ട്. 
 
എന്നാല്‍ ഇരട്ടക്കൊലപാതക കേസിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐ ജി ശ്രീജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ ഏൽപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുവെന്ന് യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന  പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു. കൊലവിളി പ്രസംഗം നടത്തിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. 

ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ കാസർകോട്ടെ ക്രമസമാധാനപ്രശ്നങ്ങളിൽ സമവായ ചർച്ച നടത്താൻ നാളെ സർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുയാണ്. യോഗത്തില്‍ സിപിഎം പങ്കെടുക്കും. എന്നാൽ ഡിസിസി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഡിസിസി വ്യക്തമാക്കുന്നത്. 

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗമാണ് നാളെ നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന കാസർകോട് ഇരട്ടക്കൊലപാതകത്തെച്ചൊല്ലി സംസ്ഥാനസർക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർവകക്ഷിസമാധാന യോഗം വിളിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത്.

 

Follow Us:
Download App:
  • android
  • ios