ദില്ലി: ആണ്‍കുഞ്ഞുണ്ടാകുന്നതിനുവേണ്ടി സഹോദരനൊപ്പം ശയിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ യുവതി കഴുത്തുഞ്ഞെരിച്ചു കൊന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നു പരാതിപ്പെട്ട യുവതിയെയും സഹോദരനെയും പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജെയ്‌ത്‌പുരിലാണു സംഭവം. 

വംശപരമ്പര നിലനിര്‍ത്താനും കുടുംബ ബിസിനസ്‌ മുന്നോട്ടു കൊണ്ടുപോകുന്നതിനും ആണ്‍കുഞ്ഞ്‌ വേണമെന്ന്‌ ഭര്‍ത്താവ്‌ നിര്‍ബന്ധംപിടിച്ചിരുന്നതായും ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. 2010-ല്‍ വിവാഹിതരായ ഇവര്‍ക്ക്‌ ഒരു മകള്‍ ജനിച്ചു. പിന്നീട്‌ നിരവധി തവണ ഗര്‍ഭിണിയായപ്പോള്‍ ലിംഗനിര്‍ണയം നടത്തിയശേഷം ഗര്‍ഭഛിദ്രം നടത്തി. യുവതിയുടെ സഹോദരന്‍ ഭര്‍ത്താവിന്‍റെ കമ്പനിയിലാണു ജോലിചെയ്‌തിരുന്നത്‌. കൂടാതെ പണം വായ്‌പവാങ്ങുകയും ചെയ്‌തിരുന്നു.

ജോലിയില്‍നിന്നു സഹോദരനെ പിരിച്ചുവിടുമെന്നും കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി വേശ്യാലയത്തില്‍വില്‍ക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. ആണ്‍കുഞ്ഞ്‌ വേണമെന്നു നിര്‍ബന്ധംപിടിച്ചിരുന്ന ഭര്‍ത്താവ്‌ ഒടുവില്‍ തന്‍റെ സഹോദരനൊപ്പം കിടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണു കൊലപാതകം ആസൂത്രണംചെയ്‌തതെന്നു യുവതി പോലീസിനോടു പറഞ്ഞു. കൊലപാതകം സംബന്ധിച്ച്‌ തെറ്റായവിവരം നല്‍കിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണു സുപ്രധാന തെളിവ്‌ ലഭിച്ചത്‌. 

ഭര്‍ത്താവിന്റെ മുറിയില്‍നിന്ന്‌ യുവതിയുടെ സഹോദരന്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്‌. ഉറക്കഗുളിക നല്‍കിയശേഷം സഹോദരന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയതായി യുവതി പോലീസിനോടു സമ്മതിച്ചു.