കൊല്ലം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ പൊലീസിനൊപ്പം കൊല്ലം ജില്ലാ കളക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വെടിക്കെട്ട് തടയുന്നതിന്റെ ഉത്തരവാദിത്വം പൊലീസിന് മാത്രമല്ലെന്നും റവന്യൂ ഉദ്യാഗസ്ഥര്‍ വെടിക്കെട്ട് നിരോധന ഉത്തരവ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.

വെടിക്കെട്ട് ദുരന്തം നടന്ന ശേഷം കളക്ടറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് അവര്‍ കളക്ടേറ്റിലെത്തിയത്. എസ് പി ശ്രീധരന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കളക്ടറുടെ വിശദീകരണം തേടി. ക്ഷേത്രഭാരവാഹികള്‍ കാണാനെത്തിയരുന്നോ എന്ന ചോദ്യത്തിന് ഓര്‍മ്മയില്ല എന്നായിരുന്നു കളക്ടറുടെ മറുപടി. കളക്ട്രേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ ക്രൈംബ്രാഞ്ച് വിലയിരുത്തന് ഇങ്ങനെ. ക്ഷേത്രഭാരവാഹികള്‍ വെടിക്കെട്ടിനുള്ള അപൂര്‍ണ്ണ അപേക്ഷയുമായി എത്തിയപ്പോള്‍ അത് തള്ളാതെ പെലീസിനെ കൊണ്ട് അനുമതി വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. വെടിക്കെട്ടിന് കളക്ടര്‍ അപേക്ഷ നിരസിച്ചശേഷവും വീണ്ടും കാണാന്‍ അവസരമൊരുക്കി. വെടിക്കെട്ട് നിരോധിച്ച വിവരം പൊതുജനങ്ങളെ അറിയിച്ചില്ല. മത്സരക്കമ്പമെന്ന സൂചനയുണ്ടായിട്ടും തഹസില്‍ദാര്‍ വീട്ടില്‍ പോയി.

സിസിടിവി ദ്യശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടോ എന്നറിയാനുള്ള തെളിവ് നഷ്ടപ്പെട്ടുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അടുത്തയാഴ്ച ക്രൈബ്രാഞ്ച് അന്തിമകുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.