ജനമൈത്രി പോലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ക്രിമിനല്‍കേസുകളില്‍ പ്രതികളാകുന്ന പോലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ് വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നുമില്ല. പോലീസ് ഭീകരതയ്ക്കിരകളാകുന്നവര്‍ നല്‍കുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.
ഒരു വര്‍ഷം മുന്‍പ് നാദാപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ കുമ്മങ്കോട് സ്വദേശി അയൂബ് എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ്, ഇയാള്‍ സ്ഥലത്തില്ലെന്നറിഞ്ഞ് വീട് തല്ലിതകര്‍ക്കുകയായിരുന്നു. നാദാപുരം എസ്.ഐ.യും കൂടെയുണ്ടായിരുന്ന അഞ്ച് പോലീസുകാരും സംഭവത്തില്‍ പ്രതികളായി. എന്നാല്‍ പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ദിവസം രാത്രി പൊലീസുകാര്‍ വീട്ടില്‍ കയറി അയ്യൂബിന്റെ ഭാര്യയെ പീഡിപ്പിച്ചു. സംഘമായി വീട്ടിലെത്തിയ പൊലീസുകാര്‍ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പോലീസിനെതിരെ നല്‍കിയ പരാതിയില്‍ കേസടുക്കാത്തതിനെ തുടര്‍ന്ന് നാദാപുരം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്ത് നീതിക്കായി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.
വടകര വില്യാപ്പള്ളിയില്‍ മൂന്ന് മാസം മുമ്പ് പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടം തടയാനെന്നെ പേരില്‍ എത്തി അകാരണമായി ആളുകളെ വിരട്ടിയോടിച്ച പോലീസ് നടപടിയെ ചോദ്യം ചെയ്ത രൂപേഷ് എന്ന യുവാവിനെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ക്ഷേത്ര പരിസരത്ത് തന്നെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. വടകര സ്ററേഷനിലെ എ.എസ്.ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരികിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുള്ള രൂപേഷിന്റെ കുടുംബം ഇന്ന് അനാഥമാണ്.
സംസ്ഥാനത്ത് ഇത്തരത്തില്‍ പോലീസ് നടപടികളെ കുറിച്ച് വിവാദമുയരുമ്പോഴും, മോശം പ്രവണതകള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ട്? മേലധികാരികള്‍ കണ്ണടക്കുന്നത് തന്നെയാണ് പ്രധാനകാരണമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ കേസുകളില്‍ പെടുന്ന പോലീസുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് മനസിലാക്കാനാകും. 2011ല്‍ പുറത്ത് വന്ന കണക്കനുസരിച്ച് 610 പോലീസുകാരാണ് വിവിധ കേസുകളിലായി പ്രതി ചേര്‍ക്കപ്പെട്ടത്. ശേഷമുള്ള അഞ്ച് വര്‍ഷത്തിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ വരെ 936 പേര്‍ ക്രിമിനല്‍ കേസുകളില്‍പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിമിനല്‍ സ്വഭാവമുള്ളവരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണെന്ന് ഡി.ജി.പി ഉള്‍പ്പെട്ട പോലീസിലെ അച്ചടക്ക സമിതി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതും വിരോധാഭാസം തന്നെ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന് കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് നമ്മുടെ പോലീസ് സംവിധാനം നീങ്ങുന്നത്.
