എംബിബിഎസ്-ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഈ വര്‍ഷം തന്നെ ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് ബാധമാക്കണമെന്ന സുപ്രീം കോടതി വിധി എങ്ങനെ മറികടക്കുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ആശയക്കുഴപ്പം. മിക്ക സംസ്ഥാനങ്ങളും സ്വന്തം നിലയ്‌ക്ക് മുന്‍വര്‍ഷങ്ങളിലെപ്പോലെ പ്രവേശന പരീക്ഷ നടത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷം നീറ്റ് ബാധകമാക്കേണ്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യം കേന്ദ്ര മന്ത്രിസഭ ആലോചിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഓര്‍ഡിനന്‍സിനോട് രാഷ്‌ട്രപതിക്ക് യോജിപ്പില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ നാളെ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ഈ വര്‍ഷം നീറ്റ് നടപ്പാക്കാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്തെത്തിയിരുന്നു.