തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ അസാധുവായതോടെ ആശുപത്രികളും റെയില്‍വെ സ്റ്റേഷനുകളിലും കടുത്ത പ്രതിസന്ധി. ചില്ലറ പണമിടപാടുകള്‍ക്ക് ആളുകളെത്തിയതോടെ പോസ്റ്റോഫീസുകളും പൂട്ടിയിടേണ്ട അവസ്ഥയായി. വാക്കു തര്‍ക്കം പലേടത്തും സംഘര്‍ഷത്തിനുമിടയാക്കി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരാണ് പ്രതിസന്ധിയിലായത്.
മിക്കവരുടേയും കയ്യില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍. ഒപി ടിക്കറ്റെടുക്കാന്‍ പോലും വിസമ്മതിച്ച് ആശുപത്രി അധികൃതര്‍. അടിയന്തര ശസ്‌ത്രക്രിയ വേണ്ട പലര്‍ക്കും പണമടക്കാനും പറ്റിയില്ല. അഞ്ഞൂറും ആയിരവും വാങ്ങും. പക്ഷെ അത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ഇതോടെ പല കൗണ്ടറുകളിലും സംഘര്‍ഷമായി.
റെയില്‍വെ സ്റ്റേഷനുകളില്‍ രാവിലെ മുതല്‍ തന്നെ വന്‍ തിരക്കായിരുന്നു. പത്ത് രൂപക്കുള്ള പ്ലാറ്റ് ഫോം ടിക്കറ്റുമുതല്‍ ഹ്രസ്വദൂര ടിക്കറ്റുകള്‍ വരെയെടുത്ത് അഞ്ഞൂറും ആയിരവും ചില്ലറമാറ്റാന്‍ ആളെത്തിയതോടെ ചില്ലറയില്ലാ പ്രതിസന്ധിയിലായി റെയില്‍വെ. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗിനും വലിയ തിരക്കാണ്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ എസ്ബിഐയുടെ സഹായം തേടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചില്ലറക്ക് തിരക്ക് ഏറിയതോടെ പല പോസ്റ്റ് ഓഫീസുകളുടെയും പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടിവന്നു. സംഘര്‍ഷം പലപ്പോഴും കയ്യാങ്കളിയിലുമെത്തി.
