സഹകരണ പ്രശ്‍നത്തിൽ എൽഡിഎഫുമായി യോജിച്ചുള്ള സമരത്തെ ചൊല്ലി യുഡിഎഫിലും കോൺഗ്രസ്സിലും കടുത്ത ഭിന്നത. യോജിച്ച സമരം വേണ്ടിവരുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തള്ളി . സംയുക്തസമരം ആലോചിച്ചിട്ടില്ലെന്നും സഹകരണബാങ്കുകൾ പിടിച്ചെടുക്കാനുള്ള ബിജെപി ശൈലി സിപിഐഎം ഉപേക്ഷിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. യോജിച്ച സമരം വേണമെന്ന് ലീഗ് അഭിപ്രായപ്പെട്ടു.

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് സന്നദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യോജിച്ചസമരമെന്ന ആവശ്യം കെപിസിസി പ്രസിഡഡന്റ് വി എം സുധീരന്‍ തള്ളുകയായിരുന്നു. തൊട്ടുപിന്നാലെ സുധീരനെ തള്ളി ലീഗും ഭിന്നത രൂക്ഷമാക്കി.

യുഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്കുകൾ പിടിക്കാനുള്ള ഇടത് നീക്കത്തിനെതിരെ കോൺഗ്രസ് സമരത്തിലാണ്. ഈ സാഹചര്യത്തിൽ ഇടതിനൊപ്പം തോളോടുതോൾ ചേർന്ന് സമരം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് സുധീരന്റേയും അനുകൂലികളുടെയും നിലപാട്. മാത്രമല്ല ഇടത്- വലത് സംയുക്ത സമരം ബിജെപി നേട്ടമാക്കുമെന്നുമുള്ള വിലയിരുത്തലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിക്കൊപ്പം സിപിമ്മിനെയും പരസ്യമായി എതിർത്ത് സുധീരൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്.