ക്രിസ്റ്റ്യാനോയുടെ മാന്ത്രിക കാലുകൾക്ക് നൈക്കിയുടെ പുത്തന്‍ സമ്മാനം

മോസ്കോ: നോക്ക് ഔട്ട് റൗണ്ടിൽ പുത്തന്‍ മാറ്റവുമായാകും ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലെത്തുക. ക്രിസ്റ്റ്യാനോയുടെ മാന്ത്രിക കാലുകൾക്ക് നൈക്കിയുടെ പുത്തന്‍ സമ്മാനം. നൈക്കിയുടെ പുതിയ മോഡല്‍ ‍ ബൂട്ടുമായാണ് എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ ക്രിസ്റ്റ്യാനോ എത്തുക. പ്രീ ക്വാര്‍ട്ടറിലാകും പുതിയ ബൂട്ടില്‍ സിആര്‍ 7 ആദ്യം എത്തുക.

ലോകകപ്പ് പാതി വഴിയിലെത്തുമ്പോഴാണ് പുതു പുത്തന്‍ മോഡല്‍ ബൂട്ടുമായി സ്പോര്‍ട്സ് ഉത്പന്ന നിര്‍മ്മാതാക്കളായ നൈക്കി രംഗത്തെത്തിയിരിക്കുന്നത്. പച്ചയും വെള്ളയും നിറത്തിലാണ് മെര്‍ക്കുറിക്കല്‍ സൂപ്പര്‍ ഫ്ലൈ 360 മോഡല്‍ എത്തുന്നത്. താരത്തിന്‍റെ ചാപ്റ്റര്‍ 6 ബൂട്ടുകൾക്ക് സമാനമാണ് പുതിയ ബൂട്ടിന്‍റെയും ഘടന.

ക്രിസ്റ്റാനോയുടേത് ഉൾപ്പെടെ ആകെ 155 ജോഡി ബൂട്ടുകൾ മാത്രമാണ് ഈ മാതൃകയില്‍ നൈക്കി നിര്‍മ്മിക്കുക. ലോകകപ്പിലെ നാല് ഗോളുമായി ഗോൾഡന്‍ ബൂട്ടിനുള്ള മത്സരത്തിൽ മുന്‍നിരയിലുണ്ട് ക്രിസ്റ്റ്യാനോ. പുതിയ ബൂട്ട് താരത്തിന് കൂടുതല്‍ വേഗം നല്‍കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കൾ. ശനിയാഴ്ച ഉറുഗ്വേയ്ക്കെതിരെയാണ് പോര്‍ച്ചുഗലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. നിര്‍ണായക മത്സരത്തിനായുളള തയ്യാറെടുപ്പിലാണ് റൊണാൾഡോയും സംഘവും.