തിരുവനന്തപുരം: സിപിഎം മന്ത്രിമാരായ എംഎം മണിക്കും എകെ ബാലനും പുറമെ സ്വന്തം പാര്‍ട്ടിയിൽ നിന്നും സിപിഐ മന്ത്രിമാര്‍ക്ക് കടുത്ത വിമര്‍ശനം. ഭരണം തുടങ്ങി ആറുമാസം പിന്നിടുമ്പോഴും സിപിഐ മന്ത്രിമാര്‍ പ്രവര്‍ത്തന മികവിൽ പിന്നിലാണെന്നാണ് പാര്‍ട്ടി യോഗത്തിലുയര്‍ന്ന അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമര്‍ശനമാണ് മൂന്ന് ദിവസമായി നടന്ന സിപിഐ എക്സിക്യൂട്ടിവ് സംസ്ഥാന കൗണ്‍സിൽ യോഗങ്ങളിൽ ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി മുതൽ വിവാദ പൊലീസ് നടപടികളിലും ഏറ്റവും ഒടുവിൽ ഡയറി അച്ചടിയിലും വരെ എത്തി നിൽക്കുന്ന എതിര്‍പ്പ് . സര്‍ക്കാറിന്റെ ആറുമാസത്തെ പ്രവര്‍ത്തനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന വിലയിരുത്തൽ , ഒപ്പം സ്വന്തം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിൽ കടുത്ത അതൃപ്തി. ഇതൊക്കെയായിരുന്നു മൂന്ന് ദിവസമായി നടന്ന സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍.
എന്നാൽ എല്ലാം ഭാവനാ സൃഷ്ടിയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്രെ പ്രതികരണം. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താൻ സമയമായില്ലെന്നും കാനം പറഞ്ഞു. എൽഡിഎഫ് പരിപാടികള്‍ സിപിഎം ഹൈജാക്കു ചെയ്യുകയാണെന്ന് നേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. ബോര്‍ഡ് കോര്‍പറേഷൻ വിഭജനത്തിൽ സംസ്ഥാന സെക്രട്ടറി ഏകപക്ഷീയമായി ഇടപെട്ടെന്നും പാര്‍ട്ടി നേതൃയോഗത്തിൽ ആരോപണമുയര്‍ന്നു.
