തൃശൂര്‍: തൃശ്ശൂരില്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനം. കുമ്മനത്തിന് കീഴില്‍ പാര്‍ടിയുടെ പ്രതിഛായ നഷ്‌ടമായെന്ന് മുരളീധരന്‍ പക്ഷം ആരോപിച്ചു. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജാഥ അടുത്ത മാസത്തേക്ക് മാറ്റി. ഉച്ചയോടെ തുടങ്ങിയ യോഗത്തില്‍ ബിജെപി ജാഥ ആയിരുന്നു പ്രധാന അജണ്ടയെങ്കിലും തുടക്കത്തില്‍ തന്നെ കുമ്മനം രാജശേഖരനെതിരെ വിമര്‍ശനവുമായി വി മുരളീധരപക്ഷം രംഗത്തെത്തി.
കുമ്മനത്തിന് കീഴില്‍ പാര്‍ട്ടിയില്‍ അഴിമതി കൂടിയെന്നും പ്രതിഛായ നഷ്‌ടമായെന്നും മുരളീധരപക്ഷം ആരോപിച്ചു. വി വി രാജേഷിനെ തിരിച്ചെടുക്കണമെന്നും ബലിയാടാക്കിയെന്നും വാദങ്ങളുണ്ടായി. വ്യാജരസീതിനെകുറിച്ച് വിമര്‍ശനം ഉന്നയിച്ച പ്രഫുല്‍കൃഷ്ണനെതിരെ നടപടിയെടുത്തപ്പോള്‍ വ്യാജ രസീത് അടിച്ചവര്‍ പാര്‍ട്ടിയില്‍ വിലസുകയാണ്. അഴിമതി നടത്തിയവരെ സംരക്ഷിച്ച് അഴിമതി പുറത്തുകൊണ്ടുവന്നവരെ പുറത്താക്കുന്ന നിലപാട് അംഗീകരിക്കാവനില്ലെന്നും മുരളീധരപക്ഷം നിലപാടെടുത്തു.
എന്നാല്‍ സംഭവത്തില്‍ അച്ചടക്ക നടപടി വിവി രാജേഷില്‍ ഒതുക്കരുതെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം.വിമര്‍ശനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി കുമ്മനം രാജശേഖരന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയില്ല.പകരം വാര്‍ത്താസമ്മേളനത്തിനെത്തിയ വി മുരളീധരനാകട്ടെ കോഴവിവാദത്തെകുറിച്ചുളള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി.കോഴവിവാദം പാര്‍ട്ടിയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്നും ഇത് പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്നും മാത്രമായിരുന്നു ഇതെകുറിച്ചുളള മുരളീധരന്റെ പ്രതികരണം
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജേശേഖരന്‍റെ നേതൃത്വത്തില്‍ ഈ മാസം അവസാനം നിശ്ചയിച്ചിരരുന്ന പദയാത്ര അടുത്ത മാസത്തേക്ക് മാറ്റി. സിപിഎം അക്രമത്തിനെതിരെ അടുത്ത മാസം 7 മുതല്‍ 23 വരെയുളള പദയാത്രയില്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ബിജെപിയുടെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
