നേരത്തെ ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ പ്രസിഡന്‍റ് എത്തിയിരുന്നു

സഗ്രെബ്: ക്രൊയേഷ്യ ആകെ ആഘോഷ തിമിര്‍പ്പിലാണ്. ആദ്യമായി ലോകകപ്പിന്‍റെ ഫെെനല്‍ കളിക്കാനുള്ള അംഗീകാരം ഇംഗ്ലണ്ടിനെതിരെയുള്ള ഐതിഹാസിക വിജയത്തിലൂടെ നേടിയെടുത്ത മോഡ്രിച്ചും സംഘവുമാണ് രാജ്യത്തെ മിന്നും താരങ്ങള്‍. എങ്ങനെയാണ് തങ്ങളുടെ ഫുട്ബോള്‍ സ്നേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്നറിയാതെ രീതിയിലാണ് ക്രൊയേഷ്യയിലെ ഓരോ കാര്യങ്ങളും അരങ്ങേറുന്നത്.

ഫൈനലിലേക്ക് ക്രൊയേഷ്യ മുന്നേറുമ്പോൾ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ശ്രദ്ധേകേന്ദ്രമായിരിക്കുകയാണ്. സെമി ജയത്തിന് പിന്നാലെ ടീം ജേഴ്സിയണിഞ്ഞാണ് ക്രൊയേഷ്യലെ മന്ത്രിസഭാ യോഗം ചേർന്നത്. പ്രധാനമന്ത്രിയടക്കം എല്ലാവരും എത്തിയത് ഫുട്ബോൾ ടീമിന്‍റെ ജേഴ്സിയണിഞ്ഞ്.

അത്രമാത്രം പ്രിയപ്പെട്ടതാണ് ക്രൊയേഷ്യയ്ക്ക് ഫുട്ബോൾ. രണ്ട് നൂറ്റാണ്ടിന്‍റെ ചരിത്രം മാത്രം പറയാനുള്ള രാജ്യത്തെ, ലോക ഫുട്ബോളിന്‍റെ നെറുകയിലെത്തിച്ച താരങ്ങളെ വാരിപ്പുണരുകയാണ് ക്രൊയേഷ്യൻ സർക്കാരും. ഫൈനലിൽ ടീമിന്‍റെ ആരാധകരായി ഗ്യാലറിയിലും സർക്കാർ പ്രതിനിധികളെത്തും.

പ്രധാനമന്ത്രി ആന്ദ്രേ പ്ലങ്കോവിച്ചും സ്പീക്കറും ലോകകപ്പ് സെമികാണാൻ പോയത് സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ്. പ്രസിഡന്‍റ് കൊളിന്ദ ഗ്രാബറിന്‍റെ ഫുട്ബോൾ ആവേശം എത്രമാത്രമെന്നത് ക്വാർട്ടർ ജയിച്ചപ്പോഴുള്ള ആഹ്ളാദ പ്രകടനത്തില്‍ നിന്ന് നേരത്തേ വ്യക്തമായതാണ്. ടീമിന്‍റെ ഡ്രസിംഗ് റൂമിലെത്തി കൊളിന്ദ താരങ്ങളെ അഭിനന്ദിച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണെന്ന് വിവാദവുമായിരുന്നു. ഫൈനലിൽ ആരാധകർക്കൊപ്പം സർക്കാരും നൽകുന്ന പിന്തുണ ടീമിന് ആത്മവിശ്വാസം കൂട്ടുമെന്നാണ് പ്രതീക്ഷ.

വീഡിയോ കാണാം..