മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ തന്നോട് സൗഹാർദ സംഭാഷണമാണ് നടത്തിയതെന്നും രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും പി ജെ കുര്യൻ വ്യക്തമാക്കി.
പത്തനംതിട്ട: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. പറഞ്ഞ അഭിപ്രായത്തിൽ നിന്ന് യു ടേൺ അടിച്ചെന്ന് പറയുന്നത് ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാലക്കാട് മത്സരിക്കാന്‍ പറ്റില്ല എന്നാണ് ആദ്യം പറഞ്ഞത്. രാഹുൽ കുറ്റവിമുക്തനായി, അച്ചടക്ക നടപടി പാര്‍ട്ടി പിന്‍വലിച്ചാല്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ല എന്നാണ് രണ്ടാമത് പറഞ്ഞത്. ഇതില്‍ എന്താണ് വൈരുദ്ധ്യമെന്നാണ് പി ജെ കുര്യൻ ചോദിക്കുന്നത്. മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ തന്നോട് സൗഹാർദ സംഭാഷണമാണ് നടത്തിയതെന്നും രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വൻവിജയം നൽകിയ ആവേശത്തിൽ തിരക്കിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് യുഡിഎഫ് നേതൃത്വം കടക്കുന്നതിനിടെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ കടുത്ത നിലപാടുമായി പി ജെ കുര്യൻ രംഗത്തെത്തിയത്. സമീപകാലത്ത് പാര്‍ട്ടിക്ക് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കിയ രാഹുലിനെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കുര്യന്‍റെ പക്ഷം. വിമര്‍ശനത്തിന് പിന്നാലെ പെരുന്നയിലെ എന്‍എസ്എസ് ചടങ്ങില്‍ വെച്ച് രാഹുല്‍ കുര്യനെ നേരില്‍ കണ്ട് എതിര്‍പ്പ് നേരിട്ട് അറിയിച്ചു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പി ജെ കുര്യനും രാഹുല്‍ തമ്മിൽ രഹസ്യം പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു കുര്യന്‍റെ മലക്കംമറിച്ചിൽ.


