Asianet News MalayalamAsianet News Malayalam

ടൂറിസം സാധ്യത തേടി പട്ടേല്‍ പ്രതിമ: സീപ്ലെയിന്‍ പദ്ധതിക്കായി വംശനാശം നേരിടുന്ന മുതലകളെയടക്കം നര്‍മദയില്‍ നിന്ന് മാറ്റുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കം. പ്രദേശത്ത് സീപ്ലെയിന്‍ (ജലവിമാനം) പദ്ധതി നടപ്പിലാക്കാനാണ് ഗുജറാത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നദിയില്‍ നിന്ന് മുതലകളെ മാറ്റുന്നത്. 

Crocodiles removed for seaplane to Unity statue
Author
Vadodara, First Published Jan 26, 2019, 3:23 PM IST

ഗാന്ധിനഗര്‍: സർദാർ സരോവർ അണക്കെട്ടിൽനിന്ന് മുതലകളെ നീക്കം ചെയ്ത് തുടങ്ങി. സര്‍ദാര്‍ സരോവര്‍ ഡാം ഉള്‍ക്കൊള്ളുന്ന നർമദ നദിയിൽ നിന്നാണ് മുതലകളെ നീക്കം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കം. പ്രദേശത്ത് സീപ്ലെയിന്‍ (ജലവിമാനം) പദ്ധതി നടപ്പിലാക്കാനാണ് ഗുജറാത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നദിയില്‍ നിന്ന് മുതലകളെ മാറ്റുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച 15 മുതലകളെയാണ് മാറ്റിയത്. നദിയുടെ രണ്ട് ഭാഗങ്ങളിലായി അഞ്ഞൂറോളം മുതലകളുണ്ടെന്നാണ് കരുതുന്നത്. നർമ്മദ നദിയിൽ കാണപ്പെടുന്ന മഗ്ഗർ വിഭാഗത്തിൽപ്പെടുന്ന മുതലകൾ വന്യജീവിസംരക്ഷണ നിയമത്തിലെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. അണക്കെട്ടിലെ മൂന്നാമത്തെ കുളത്തിലാണ് മഗ്ഗർ മുതലകളെ കാണപ്പെടുന്നത്. 

ഈ കുളത്തെ മഗ്ഗർ തടാകം അഥവാ മുതലക്കുളം എന്നാണ് അറിയപ്പെടുന്നത്. മഗ്ഗർ മുതലക്കുളം ഉൾപ്പെടുന്ന ഭാഗത്താണ് സമുദ്രവിമാനത്തിന്റെ ടെർമിനൽ പണിയാൻ പദ്ധതിയിടുന്നത്. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഗുജറാത്ത് നഗരത്തേയും പട്ടേൽ പ്രതിമയെയും ബന്ധിപ്പിക്കുന്നതിനായാണ് ടെർമിനൽ നിർമ്മിക്കുന്നത്.     

മത്സ്യത്തെ ചൂണ്ടയാക്കിയാണ് മുതലകളെ പിടികൂടുന്നത്. പത്തടിയോളം നീളമുള്ളവയാണ് ഭൂരിഭാഗം മുതലകളും. മുതലകളെ നീക്കം ചെയ്യുന്നതിയാനായി പ്രത്യേകം സമയപരിധിയൊന്നും വച്ചിട്ടില്ല. അതേസമയം കുളങ്ങളിലെ മുതലകളെ രക്ഷിക്കുകയാണെന്ന വാദമാണ് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. കെ ശശികുമാർ ഉന്നയിക്കുന്നത്. 

മൂന്ന്, നാല് തടാകങ്ങളിലെ മുതലകളെ രക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം അവ പദ്ധതി പ്രദേശത്തിന് തൊട്ടടുത്തായാണ് നിൽക്കുന്നത്. മുതലകളെ മാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെ പത്ത് സംഘമായി തിരിച്ചിട്ടുണ്ട്. പിടികൂടിയ മുതലകൾ കഴിഞ്ഞ ഒരാഴ്ചയായി വനംവകുപ്പിന്റെ സംരക്ഷണയിലാണ്.  

എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ടെർമിനൽ‌ നിർമ്മിക്കുന്നതിനായി മുതലകളെ നീക്കം ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്ന് വഡോദര കമ്മ്യൂണിറ്റി സയൻസ് സെന്റർ ഡയറക്ടർ ഡോ ജിതേന്ദ്ര ഗവാലി പറയുന്നു. മുതലകളെ നീക്കം ചെയ്യുന്നതിനിടെ അപക‍ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കുളത്തിൽ എത്ര മുതലകളുണ്ടെന്നതിന് കുറിച്ച് വ്യക്തമായ ധാരണയില്ല. 

ഇതിനുപുറമേ അണക്കെട്ടിന്റെ ചെരിവ് 40 ഡിഗ്രിയില്‍ അധികമാണെങ്കിൽ പെൺ മുതലകൾക്ക് പ്രത്യുൽപാദനം നടത്തുന്നതിന് തടസം നേരിടാം. വളരെയധികം സ്ഥലം ആവശ്യമുള്ള ജീവികളാണ് മുതലകൾ. ഇത്രയും കോടികൾ ചെലവഴിച്ച് പട്ടേൽ പ്രതിമ പണിയാൻ സർക്കാരിന് പറ്റുമെങ്കിൽ കുറച്ച് പണമിറക്കി സീപ്ലെയിന്‍ ഇറക്കുന്നതിനായി ഒരു കൃത്രിമ തടാകം സർക്കാരിന് നിർമ്മിക്കാവുന്നതാണെന്നും ജിതേന്ദ്ര ഗവാലി കൂട്ടിച്ചേർത്തു. സീപ്ലെയിന്‍ സേവനം ഈ വർഷം ഒക്ടോബറില്‍ തുടങ്ങുമെന്നാണ് റിപ്പോർട്ടുകള്‍.

Follow Us:
Download App:
  • android
  • ios