പുകമറ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി  

തിരുവനന്തപുരം:സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റുവയറുണ്ടാക്കാൻ ഇഫ്ത്താസ് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം. സഹകരണമന്ത്രി വ്യക്തമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകണ വകുപ്പിന്‍റെ ധനാഭ്യര്‍ത്ഥന ചർച്ചക്കിടെ പ്രതിപക്ഷത്തുനിന്നും ഉബൈദാണ് ടെണ്ടർവിളിക്കാതെ ഇഫ്ത്താസ് എന്ന കമ്പനിക്ക് കരാർ നൽകിയതിനെ കുറിച്ച് ഉന്നയിച്ചത്. ഇത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞതോടെ പ്രതിപക്ഷം ഇടപെട്ടു. ടെണ്ടറോ താൽപര്യ പത്രമോ ഇല്ലാതെ 160 കോടിയുടെ പദ്ധതി എങ്ങനെ ഇഫ്ത്താഫിന് നൽകിയെന്ന് വി.ഡി സതീശൻ ചോദിച്ചു.

ആർബിഐയുടെ കീഴിലുള്ള സ്ഥാപനമാണെന്ന് വിശദീകരിച്ച മന്ത്രിക്ക് പക്ഷെ വ്യക്തമായ ഉത്തരം നൽകാനായില്ല. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ പിന്നീട് മേശപ്പുറത്തുവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചത്തോടെ ബഹളം വച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.

ഇഫ്ത്താഫിൻറെ കമ്പനി ഡയറക്ടർ പ്രശാന്ത് നമ്പ്യാർ ആരെന്ന് ചോദ്യമുന്നയിച്ച് പ്രതിപക്ഷം പുറമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആർബിഐ പ്രാഥമി സഹകരണസംഘങ്ങള്‍ക്ക് അയച്ച കത്തിൽതന്നെ ഇഫ്ത്താഫ് ഉപകമ്പനിയാണെന്ന കാര്യം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ ടൂറിസം സഹകരണ, വൈദ്യുതി വകുപ്പുകളുടെ ധനാഭ്യ‍ർത്ഥനകള്‍ സഭ പാസാക്കി.