ലഖ്നൗ: മക്കളെയും കൊണ്ട് പുഴയില്‍ ചാടിയ സിആര്‍പിഎഫ് ഓഫീസറെ തെരച്ചിലിനൊടുവിലും കണ്ടുകിട്ടിയില്ല. ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് ലഖ്നൗവിലെ ഗോമിത് പുഴയില്‍ സിആര്‍പിഎഫ് ഓഫീസര്‍ തന്‍റെ രണ്ടുമക്കളെയും കൊണ്ട് ചാടുകയായിരുന്നു. മൂത്ത കുട്ടി തേജസിന് ഏഴും ഇളയ കുട്ടിക്ക് വാനഷസിന് മൂന്ന് വയസുമാണ്. മൂന്നുവയസുകാരന്‍റെ മൃതദേഹം ഉച്ചയോടെ കണ്ടുകിട്ടി.

ലഖ്നൗവ്വിലെ ബിജ്നോര്‍ ഏരിയയിലെ ഡെപ്യൂട്ടി കമാന്‍ഡറാണ് ബിഷംബര്‍ ദയാല്‍ മൗര്യ. പുഴയില്‍ ചാടുന്നതിന് മുമ്പ് എഴുവയസുകാരനായ മകനെ പുഴയിലേക്കെറിഞ്ഞു. എന്നാല്‍ നീന്തി രക്ഷപ്പെട്ട കുട്ടി സഹായത്തിനായി കരഞ്ഞ് നിലവിളിച്ചു.രക്ഷയ്‍ക്കെത്തിയ ട്രക്ക് ഡ്രൈവറാണ് പൊലീസിനെ വിളിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ഭാര്യ അനുരാധയുമായി മൗര്യ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

 ശനിയാഴ്ച രാവിലെ എങ്ങനെയോ കുട്ടികളുമായി കാറിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു മൗര്യയെന്നാണ് ഇയാളുടെ മരുമകന്‍ പൊലീസിനോട് പറഞ്ഞത്. ഭാര്യയുമായി തലേന്ന് രാത്രിയുണ്ടായ വഴക്കാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.