കുമളിക്കു സമീപം മുല്ലയാറിൽ കേഴമാനിനെ വേട്ടയാടിയ മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പെരിയാര്‍ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിൻറെ സഹായത്തോടെയാണ് പ്രതികളെയും കേഴമാനിൻറെ ഇറച്ചിയും പിടികൂടിയത്.
പെരിയാർ കടുവ സങ്കേതത്തിൻറെ അതിർത്തിയിലുള്ള മുല്ലയാർ ഭാഗത്ത് നിന്നും വന്യമൃഗങ്ങളെ ഇറച്ചിക്കായി കെണി വച്ചു പിടികൂടുന്നുണ്ടെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കുമളി റേഞ്ച് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
വനമേഖലയോടു ചേർന്നുള്ള ഭാഗത്തു നിന്നും ലഭിച്ച കെണിയുടെ മണം പിടിച്ച നായകൾ സമീപത്ത് പണിതു കൊണ്ടിരുന്ന റിസോർട്ടിലെത്തി. കെണി വച്ച് പിടിച്ച കേഴമാനിൻറെ ഇറച്ചിയുമായിട്ടാണ് ഇവിടെ നിന്നും കുമളി നാലാം മൈൽ സ്വദേശി തോമസ്, ഇയാളുടെ സഹോദരൻ ഫിലിപ്പ് ഭരണങ്ങാനം സ്വദേശി ജെന്നി ജോസഫ് എന്നിവര്‍ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും അഞ്ചു കിലോയോളം ഇറച്ചിയും കേഴയുടെ ശരീര അവശിഷ്ടങ്ങളും കണ്ടെടുത്തു.
സംഘത്തിലുണ്ടായിരുന്ന കുമളി സ്വദേശി ടോമി രക്ഷപെട്ടു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
