കൊമ്പന് നരകയാതന, തിരിഞ്ഞു നോക്കാതെ ദേവസ്വം അധികൃതര്‍

കൊല്ലം: ശാസ്താംകോട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നടക്കിരുത്തിയ കൊമ്പനാനയ്ക്ക് നരകയാതന. പരിപാലിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ കർക്കിടക ചികിത്സ പോലും നൽകുന്നില്ലെന്ന ആരോപണമാണ് നാട്ടുകാർക്കുള്ളത്.

ഇത് നീലകണ്ഠൻ. 2002 ൽ ഒരു വിദേശ മലയാളി ഈ ആനയെ ശാസ്താകോട്ടാ ശ്രിധർമ്മശാസ്താ ക്ഷേത്രത്തില്‍ നടയ്ക്ക് വച്ചു. അന്ന് തുടങ്ങിയതാണ് നീലകണ്ഠൻറെ ദുരിതം. ചട്ടം പഠിപ്പിക്കാൻ എത്തിയവരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് ഇടത് മുൻകാലിന് പരിക്ക് പറ്റി. കാല് നിലത്ത് കുത്താനാകുന്നില്ല.വേദന കടിച്ചമർത്തി ഈ നിൽപ്പ് പക്ഷേ തിരുവിതാംകൂർ

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കണ്ട മട്ടില്ല. നീരും പഴുപ്പും ശരീരമാകെ വ്യാപിക്കുന്ന നിലയിലായി. മണ്ണുത്തിവെറ്ററിനറി കോളജിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ച് മരുന്നുകളും ഭക്ഷണക്രമവും നിർദ്ദേശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ഒരുദിവസം രണ്ടര കിലോമീറ്റര്‍ ആനയെ നടത്തിക്കണം.

ആഹാരത്തിന് പ്രത്യേക പട്ടിക തയ്യാറാക്കി നല്‍കിയെങ്കിലും ഒന്നും നടന്നില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാൽ
ആനയെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരെ കണ്ടെത്താനുള്ള ശ്രമമത്തിലാണെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം.