മലപ്പുറം: മുസ്ലീംലീഗിനെതിരെ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നിഷേധവോട്ടു ചെയ്തിട്ടുണ്ടെന്ന് ഇ കെ സുന്നി നേതൃത്വം. കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിനുള്ളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇ കെ സുന്നി വിഭാഗത്തിന്റെ പ്രതികരണം. പള്ളിത്തര്‍ക്ക പ്രശ്നങ്ങളില്‍ ഇടതുസര്‍ക്കാറിന്‍റെ വാഗ്ദാനങ്ങൾ ഇ കെ വിഭാഗം സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ഇ  കെ വിഭാഗത്തോടുള്ള അഭിപ്രായവ്യത്യാസത്തെ പറ്റി ലീഗ് നേതൃത്വം പരസ്യപ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തസമിതി ക്യാമ്പില്‍ ഇ കെ സുന്നി വിഭാഗം തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ കെ വിഭാഗം നിലപാട് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. മുസ്ലീംലീഗിന്‍റെ പ്രാദേശികനേതൃത്വവും കോണ്‍ഗ്രസും പലസ്ഥലങ്ങളിലും ഇ കെ വിഭാഗത്തിന് എതിരായിരുന്നു.

തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് ദോഷം ചെയ്തിട്ടുണ്ടെന്ന് സുന്നിയുവജനസംഘം സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ തുറന്നുപറയുന്നു. പള്ളിത്തര്‍ക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യു‍ഡിഎഫ് ഭരണകാലത്ത് ഇതുപോലും ലഭിച്ചിട്ടില്ല. ഇ കെ വിഭാഗത്തിൻറെ അകല്‍ച്ച മുസ്ലീം ലീഗിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.