ഹവാന: ഹവാന: ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. വര്‍‌ഷങ്ങളായി വിശ്രമത്തിലായിരുന്ന ഫിദല്‍. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്. ക്യൂബയിൽ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്‌തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ക്യൂബൻ മണ്ണിൽ ഗറില്ലാ പോരാട്ടത്തിന്‍റെ വിപ്ലവം കുറിച്ച വ്യക്‌തിയാണ് കാസ്ട്രോ. 1959ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് കാസ്ട്രോ അധികാരത്തിലെത്തുന്നത്. 1965 ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 

അധികാരത്തിൽ എത്തിയതിനു പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കുകയും ചെയ്തു. 2011 വരെയാണ് അദ്ദേഹം ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചത്. 

ക്യൂബയെ ഒരു പൂർണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ചത് കാസ്ട്രോയാണ്. രണ്ടു തവണ ചേരിചേരാ പ്രസ്‌ഥാനത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവ മുന്നേറ്റങ്ങളെയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു. 

ആരോഗ്യപരമായ കാരണങ്ങളാൽ 2006 ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞ അദ്ദേഹം അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.