എറണാകുളം: എറണാകുളം ഞാറക്കലിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ.  മട്ടാഞ്ചേരി സ്വദേശി ഹനീഫയാണ് പോലീസ് പിടിയിലായത്. അഞ്ച് ദിവസം മുമ്പാണ് ഞാറക്കൽ സ്വദേശി ജോഷിയുടെ വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചത്. 32 പവൻ സ്വർണവും 80,000 രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്.  സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ആലുവ ഡിവൈഎസ്പി ജയരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അനേഷണത്തിലാണ്  ഒളിവിൽ കഴിയുകയായിരുന്ന ഹനീഫ അറസ്റ്റിലായത്.   കൊച്ചി വടുതലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വർണം പണയം വക്കാൻ സഹായിച്ച വടുതല സ്വദേശി ഷാജഹാനെയും അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത 32 പവൻ സർണവും പൊലീസ് കണ്ടെടുത്തു. പണയം വച്ച സ്ഥലത്തു നിന്നുമാണ് സ്വർണം കിട്ടിയത്. പിടിയിലായ ഹനീഫ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.