പിന്നാക്കസംവരണം വേണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ടു വിഭാഗങ്ങള്‍ വീണ്ടും സമരം തുടങ്ങി. ജാഝര്‍, റോത്തക് തുടങ്ങിയ ജാട്ട് ശക്തികേന്ദ്രങ്ങളില്‍ ജനങ്ങള്‍ പന്തലുകെട്ടി സമരം തുടങ്ങിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹരിയാനയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റിനും നിരോധനമുണ്ട്. 

സംസ്ഥാന പൊലീസിനെ കൂടാതെ 55 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. സമരം സമാധാനപരമായിരിക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തീവണ്ടി പാതയ്‌ക്കും ദേശീയ പാതയ്‌ക്കും ഒരു കിലോ മീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തെത്തുടര്‍ന്ന് ജാട്ടു സമുദായമടക്കം ആറു സമുദായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സംവരണം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങിയത്.