ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഒരുമാസത്തിലധികമായി സംഘര്‍ഷം തുടരുന്ന കശ്‍മീര്‍ താഴ്വരയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷത്തിന് നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച മുതല്‍ സ്ഥിതിഗതികള്‍ വീണ്ടും പഴപടിയായി. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍ തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്നലെ അനന്ദ്നാഗ് ജില്ലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാരടക്കം 45 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ 55 ആയി ഉയര്‍ന്നു.

സംഘര്‍ഷ ബാധിതമായ പത്ത് ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞക്ക് പുറമെ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വീണ്ടും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന് പരാതിയുണ്ട്. അതിനിടെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന ബുര്‍ഹാന വാനിയുടെ പിതാവ് മുസഫര്‍ വാണി തന്റെ മകളെക്കൂടി സമരരംഗത്ത് ഇറക്കുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ നേതൃത്വത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നേതാക്കളേയും ബുദ്ധിജീവികളേയും ഉള്‍പ്പടുത്തി കശ്‍മീരില്‍ പ്രത്യേകയോഗം ചേരും. വിഘടന വാദികളെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തണോ എന്ന കാര്യം യോഗം പരിഗണിക്കും.