വീടുപണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി തിരികെ സൗദിയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് രണ്ട് മാസം മുന്‍പ് അബ്ദുള്‍ ഗഫൂര്‍ നാട്ടിലെത്തിയത്. പത്ത് വര്‍ഷത്തെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ പണം കൊണ്ട് സ്വപ്ന വീടിന്‍റെ പണി പുരോഗമിക്കുമ്പോഴാണ്നോട്ടുകള്‍ അസാധുവാകുന്നത്.കണക്കുകൂട്ടലുകളെല്ലാം ഇതോടെ തകിടം മറിഞ്ഞെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു. ബാങ്കിലുണ്ടായിരുന്ന പണം ആവശ്യത്തിന് കിട്ടാത്ത അവസ്ഥ, അപേക്ഷിച്ച ലോണിന്‍റെ കാര്യത്തില്‍ പ്രതിസന്ധി. പണത്തിന്‍റെ ലഭ്യത കുറഞ്ഞതോടെ വീടുപണിയും നിലച്ചു.
മുക്കത്തെ നസീമയും നേരിടുന്നത് സമാനമായ സാഹചര്യമാണ്. ഒന്നരമാസം മുന്‍പ് തുടങ്ങിയ ഇവരുടെ വീടുപണിയും നിലച്ചിരിക്കുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവ് അബ്ദുള്‍ ഹക്കീം പണം അയക്കുന്നുണ്ടെങ്കിലും, വീട് നിര്‍മ്മാണത്തിന് മതിയായ തുക ബാങ്കില്‍ നിന്ന് കിട്ടുന്നില്ല.
പുതുവര്‍ഷപ്പുലരിയില്‍ കാട്ടുകുളങ്ങരയിലെ ഹമീദിന്‍റെ മകളുടെ വിവാഹമാണ്.ഇനിയും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല. അപേക്ഷിച്ച ലോണ്‍ അനുവദിച്ച് കിട്ടിയിട്ടില്ല. ബാങ്കില്‍ നിക്ഷേപമില്ല. ഗള്‍ഫില്‍ ജോലിയുള്ള മകന്‍റെ വരുമാനം കൊണ്ടാണ് വാടകവീട്ടിലെ ഇവര്‍ കഴിയുന്നത്. മനോവിഷമം മൂലം ക്യാമറയെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഹമീദിന്‍റെ അവസ്ഥ സഹോദരന്‍ നാസര്‍ പറയുന്നു.
പ്രവാസി കുടംബങ്ങള്‍ അനുഭവിക്കുന്ന ഏതാനും ചില പ്രതിസന്ധികള്‍ മാത്രമാണിത്. കുടംബാംഗങ്ങളുടെ ചികിത്സ, നാട്ടില്‍ കഴിയാനുള്ള ആഗ്രഹത്തില്‍ തുടങ്ങിയ ചെറിയ കച്ചവടസംരംഭങ്ങള്‍ എന്നിവയെയൊക്കെ തന്നെ നോട്ട് പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്.
വയറ്റത്തടിച്ച് നോട്ട് പ്രതിസന്ധി
