പത്തനംതിട്ട: നോട്ട് നിരോധനം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥയിൽ നെൽ കർഷകരും പ്രതിസന്ധിയിൽ. ഒരു വർഷത്തേക്ക് നാല് ശതമാനം പലിശയ്ക്ക് നൽകുന്ന ലോണുകൾ തിരിച്ചടയ്ക്കാനാകാത്തത് കർഷകരെ കടക്കെണിയിലാക്കുകയാണ്.

കുട്ടനാട്ടിലെ നെൽ കർഷകരിലേറെയും സംഘങ്ങൾ രൂപീകരിച്ച് കാർഷിക ലോണെടുത്താണ് കൃഷി മുന്നോട്ട് കൊണ്ട് പോകുന്നത്. കാർഷിക വായ്പയാകുമ്പോൾ 4 ശതമാനം പലിശയേ ഉള്ളൂ. പക്ഷേ ഒരു വർ‍ഷത്തിനകം തിരിച്ചടച്ചില്ലെങ്കിൽ , പിന്നെ 12 ശതമാനം വരെ പലിശ നൽകണം. കാലതാമാസമുണ്ടായാൽ പിഴ പലിശ ഉൾപ്പടെ നൽകേണ്ടിവരും.

കേന്ദ്രസർക്കാർ കാർഷിക കടങ്ങൾക്കുള്ള തിരിച്ചടവ് കാലാവധി മാർച്ച് 31 വരെയെങ്കിലും നീട്ടി നൽകണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രതിസന്ധിക്ക് സർക്കാർ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ നെല്ലുൽപ്പാദനം വൻതോതിൽ ഇടിയുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.