നോട്ട് അസാധുവാക്കലില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. കാവേരി തര്‍ക്കം ഉന്നയിച്ച് അണ്ണാ ഡിഎംകെയും മുദ്രാവാക്യം മുഴക്കി. ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചയേ സാധ്യമാകൂ എന്ന സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസ് തള്ളിയതോടെ ലോക്‌സഭ 12 മണിക്കും രാജ്യസഭ മൂന്ന് മണിക്കും ഇന്നത്തേക്ക് പിരിഞ്ഞു. കള്ളപ്പണക്കാരെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ഒരു കുംഭകോണവും ഇല്ലാത്തപ്പോള്‍ സംയുക്ത പാര്‍ലമെനററി സമിതി അന്വേഷണം ആവശ്യമില്ലെന്നും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി വ്യക്തമാക്കി.

അതിര്‍ത്തിയില്‍ മരിച്ച സൈനികരെക്കാള്‍ കൂടുതല്‍ പേര്‍ ഒരാഴചയില്‍ ക്യൂനിന്ന് മരിച്ചെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞത് ബിജെപി പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി.

ഇതിനിടെ പ്രതിഷേധം സഭയ്ക്കു പുറത്തേക്ക് വ്യാപിപ്പിച്ച മമതാ ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും റിസര്‍വ്വ ബാങ്കിനു മുന്നില്‍ കാത്തു നിന്ന ജനങ്ങള്‍ക്കു ഐക്യദാര്‍ഡ്യവുമായി എത്തിയത് ബഹളത്തിനിടയാക്കി. നരേന്ദ്ര മോദിയുടെ തീരമാനത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും സ്വാഗതം ചെയ്തത് പ്രതിപക്ഷത്ത് തുടരുന്ന ആശയക്കുഴപ്പത്തിന് തെളിവായി. ഇതിനിടെ ബിജെപിക്കുള്ളിലെ ഭിന്നത വ്യക്തമാക്കികൊണ്ട് പ്രശ്‌നം രൂക്ഷമാക്കിയത് അരുണ്‍ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയത്തിന്റെ കാര്യക്ഷമതയില്ലായ്മയാണെന്ന ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.