തൊടുപുഴ: സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിനായി ഇടുക്കിയിലെത്തിയവരെ വലച്ച് നോട്ടുപ്രതിസന്ധി. അടിമാലിയിലെ അഠങകളില്‍ പണമില്ലാതെ വന്നതാണ് കുട്ടികളെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കിയത്. പണമുള്ള എടിഎമ്മുകളിലാകട്ടെ നീണ്ട ക്യൂ ആയിരുന്നു.

ഇടുക്കി അടിമാലിയിലാണ് ഇത്തവണത്തെ സി ബി എസ് ഇ സംസ്ഥാന കലോത്സവം. കുട്ടികള്‍ ആടിത്തിമിര്‍ക്കുന്‌പോള്‍ മാതാപിതാക്കള്‍ വലിയ ആശങ്കയിലാണ്. സമീപത്തെ എ ടി എം കൗണ്ടറുകളില്‍ പണമില്ലാത്തതാണ് കാരണം. താമസത്തിനും ഭക്ഷണത്തിനും പണം കണ്ടെത്താനാണ് ഏറ്റവും ബുദ്ധിമുട്ട്. ടൂറിസം കേന്ദ്രമായ മൂന്നാറിന് സമീപത്തെ പ്രദേശമായതിനാല്‍ അടിമാലിയില്‍ റൂമുകളിലും റിസോര്‍ട്ടുകളിലും ചെലവേറെയാണ്. കുട്ടികള്‍ക്ക് മത്സരത്തിന് വേണ്ട സാധനങ്ങളും വാങ്ങണം. അഠങല്‍നിന്ന് ഒരു ദിവസം കിട്ടുന്ന 2000 രൂപകൊണ്ട് ഒന്നിനും തികയാത്ത അവസ്ഥ.

കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 20000ലേറെ ആളുകളാണ് നാല് ദിവസത്തെ കലോത്സവത്തിനായി അടിമാലിയില്‍ എത്തിയിരിക്കുന്നത്. ഇവിടുത്തെ എ ടി എം കൗണ്ടറുകളില്‍ പണം നിക്ഷേപിച്ചാലും തിരക്ക് കൂടിയതോടെ പണം പെട്ടെന്ന് തീര്‍ന്നുപോകുന്നതാണ് പ്രതിസന്ധിക്ക് കാരണം.